Omassery: ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മവും വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാത്ത് ലാബിൻ്റെ ഉദ്ഘാടനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും കാർഡിയാക് ഒ.പി.ഡി ബ്ലോക്ക് എം.കെ. രാഘവൻ എം.പിയും കാർഡിയാക് കെയർ യൂനിറ്റ് പി.ടി.എ റഹീം എം.എൽ.എയും വിപുലീകരിച്ച അത്യാഹിത വിഭാഗം എം.കെ. മുനീർ എം.എൽ.എയും നിർവ്വഹിക്കും. ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച സോളാർ സിസ്റ്റം ലിൻ്റോ ജോസഫ് എം.എൽ.എയും നവീകരിച്ച ഡയാലിസിസ് സെൻ്റർ ഇംപെക്ട് ഗ്രൂപ്പ് ചെയർമാൻ സി. നുവൈസും എമർജൻസി ഡിപ്പാർട്ട്മെന്റ്റ് ഫാർമസി മിനാർ ഗ്രൂപ്പ് എം.ഡി. എ.മുഹമ്മദ് ഷാഫിയും കാർഡിയാക് ഫാർമസി ദുബൈ അൽ റാഷിദിയ അൽ നൂർ പോളി ക്ലിനിക് ചെയർമാൻ ടി. അഹമ്മദും ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബു റഹ്മാൻ അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ്റ് അമീർ എം.കെ. മുഹമ്മദലി, മാധ്യമം, മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദു റഹിമാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗംഗാധരൻ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, വർക്കല ശിവഗിരി മഠം സ്വാമി ജ്ഞാന തീർഥ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
1988 ൽ കേവലം ക്ലിനിക്കായി ആരംഭിച്ച ശാന്തി ഹോസ്പിറ്റൽ ഇന്ന് മലബാറിലെ പ്രധാനപ്പെട്ട ആതുരാലയങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. കാത്ത് ലാബ് ആരംഭിക്കുന്നതോടെ മലയോര മേഖലയിലെ നിരവധി രോഗികൾക്കു അടിയന്തര ചികിത്സ ലഭ്യമാക്കാൻ കഴിയും. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ശഫീഖ് മാട്ടുമ്മലാണ് കാർഡിയോളജി ഡിപ്പാർട്ട്‌മെൻ്റിനു നേതൃത്വം നൽകുക. മികച്ച ചികിത്സ താങ്ങാവുന്ന നിരക്കിൽ എന്നതാണ് ശാന്തിയുടെ പ്രഖ്യാപിത നയം. മലബാറിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന സ്വകാര്യ ആശുപത്രിയാണിത്.