ജലജീവൻ മിഷൻ: Omassery, റോഡുകൾക്ക്‌ പരിഹാരമായില്ല;ഭരണസമിതി പ്രത്യക്ഷ സമരത്തിന്‌.

HOP UAE VISA FROM 7300 INR - BANNER
Omassery: ജലജീവൻ മിഷൻ പദ്ധതിക്ക്‌ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച്‌ ഓമശ്ശേരിയിൽ ഭരണ സമിതി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.ഗ്രാമീണ പാതകളാകമാനം കുഴിയെടുത്ത്‌ കാൽനട പോലും ദു:സ്സഹമായിരിക്കുകയാണെന്നും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഇത്‌ ഗൗനിക്കുന്നില്ലെന്നും ഭരണസമിതി ആരോപിച്ചു.
കാലവർഷം അടുത്ത്‌ വരുമ്പോൾ നിലവിലെ സ്ഥിതി തുടർന്നാൽ അത്യന്തം അപകടകരമാവുമെന്ന് ഭരണസമിതി മുന്നറിയിപ്പ്‌ നൽകി.റോഡുകളുടെ ശോചനീയാവസ്ഥ കാരണം നിലവിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ പഞ്ചായത്ത്‌ വിതരണം ചെയ്യുന്ന കുടിവെള്ളം പോലും എത്തിക്കാൻ കഴിയാത്ത ദയനീയ സാഹചര്യമാണുള്ളത്‌.അമ്പത്‌ കിലോ മീറ്ററോളം ദൂരം ടാറിംഗ്‌ റോഡുകൾ കുഴിയെടുത്തത്‌ 17 കിലോമീറ്റർ ദൂരം മാത്രമാണ്‌ നിലവിൽ റീസ്റ്റോർ ചെയ്തത്‌.13.5 കിലോമീറ്റർ കോൺക്രീറ്റ്‌ റോഡിൽ 10 കിലോമീറ്ററാണ്‌ പൂർവ്വസ്ഥിതിയിലാക്കിയത്‌.സർക്കാറിൽ നിന്നും സമയ ബന്ധിതമായി പണം ലഭിക്കാത്തതിനാലാണ്‌ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് കരാർ കമ്പനി പറയുന്നു.വാട്ടർ അതോറിറ്റിയും ഇത്‌ ശരിവെക്കുകയാണ്‌.കൂടാതെ എസ്റ്റിമേറ്റ്‌ പ്രകാരമുള്ള അളവ്‌ കഴിഞ്ഞെന്നും പുതുക്കിയ എസ്റ്റിമേറ്റ്‌ വാട്ടർ അതോറിറ്റി നൽകണമെന്നും കരാർ കമ്പനി പറയുന്നു.
പ്രശ്നത്തിന്‌ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ ഭരണസമിതി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസിന്‌ പരാതി നൽകി.കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ ബി.എൽ.ദീപ്തി ലാലിനും പരാതി കൈമാറി.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ ജില്ലാ കളക്ടർക്കും വാട്ടർ അതോറിറ്റി അധികൃതർക്കും പരാതി നൽകിയത്‌‌.മെയ്‌ 13 ന്‌(തിങ്കൾ) രാവിലെ 10 മണി മുതൽ ഓമശ്ശേരിയിൽ സത്യഗ്രഹ സമരം നടത്താനും എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വകുപ്പ്‌ മന്ത്രിയെ അടിയന്തിരമായി കാണാനും ഇന്നലെ ചേർന്ന ഭരണസമിതി യോഗം തീരുമാനമെടുത്തു.
കേന്ദ്ര-കേരള സർക്കാറുകളുടേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആവശ്യക്കാർക്ക്‌ മുഴുവൻ ശുദ്ധജലം പൈപ്പ്‌ ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയാണ്‌ ജല ജീവൻ മിഷൻ.ഓമശ്ശേരി പഞ്ചായത്തിൽ പതിനായിരം കണക്ഷനുകളാണ്‌ ലക്ഷ്യമിടുന്നത്‌.കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത്‌ ഭരണകൂടങ്ങളുടെ 90 ശതമാനം സബ്സിഡിയോടുകൂടിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.കേന്ദ്രസർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവുമുൾപ്പടെ 90 ശതമാനം ഗവൺമെൻറ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്‌.പദ്ധതിയുടെ നോഡൽ ഏജൻസി കേരള വാട്ടർ അതോറിറ്റിയാണ്‌.ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട്‌ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ചാണ്‌ ഓമശ്ശേരിയിലെത്തുക.ടാങ്ക്‌ നിർമ്മിക്കാനുദ്ദേശിക്കുന്നത്‌ പഞ്ചായത്തിലെ പതിനെട്ടാം വാർഡിഉള്ള വെളിമണ്ണ ഏലിയാമ്പറ മലയിലാണ്‌.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക്‌ പരാതി നൽകുന്നു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test