Thiruvambady: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തിരുവമ്പാടി പഞ്ചായത്ത് പ്രഥമ മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്നു.
സംസ്ഥാന സർക്കാർ വളരെയധികം കൊട്ടിഘോഷിച്ച മെഡി സെപ്പ് പദ്ധതിയുടെ ആനുകൂല്യം അധികൃതരുടെ അനാസ്ഥമൂലം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ആയതിനാൽ മെഡിസെപ്പ് പദ്ധതിയുടെ ആനൂകൂല്യം ജീവനക്കാർക്കും പെൻഷൻ കാർക്കും പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് നടപടി ക്രമങ്ങളുടെ നൂലാമാലകൾ അവസാനിപ്പിക്കുകയും എല്ലാ ആശുപത്രികളിലും എല്ലാ രോഗങ്ങൾക്കും മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്ന് യോഗം
ആവശ്യപ്പെട്ടു.
ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയ അവസരത്തിൽ പെൻഷൻ പരിഷ്കരണത്തിൽ മുൻകാല പ്രാബല്യം നൽകിയപ്പോൾ പെൻഷൻ കാർക്ക് കുടിശികയായി ലഭിക്കേണ്ടിയിരുന്ന സംഖ്യയിൽ രണ്ട് ഗഡുക്കൾ ഇനിയും നൽകാത്ത സർക്കാർ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
അതുപോലെ തന്നെ പെൻഷൻകാർക്ക് നൽകാനുള്ള ആറു ഗഡു ക്ഷമാശ്വാസം എത്രയും വേഗം അനുവദിച്ച് തരണമെന്നും വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ തെക്കുഭാഗത്തുള്ളവർക്ക് വയനാടുമായും കർണ്ണാടക സംസ്ഥാനമായും വളരെ എളുപ്പത്തിൽ ബന്ധപ്പെടുന്നതിനുള്ള മാർഗ്ഗമാണ് തിരുവമ്പാടി – ആനക്കാം പൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത.
വർഷങ്ങൾക്ക് മുൻപ് തുരങ്ക പാത പദ്ധതിയുടെ ലോഞ്ചിങ് കൊട്ടി ഘോഷിച്ച് തിരുവമ്പാടിയിൽ വെച്ച് നടത്തിയെങ്കിലും പ്രസ്തുത പദ്ധതി ഇന്നും വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുക മാത്രമാണ് ചെയ്യുന്നത്. ആയതുകൊണ്ട് പരിസ്ഥിതി ആഘാത പഠനം പൂർണ്ണമായ തോതിൽ നടത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി എത്രയും വേഗം വാങ്ങി ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി തുരങ്ക പാത യാഥാർത്ഥ്യമാക്കണമെന്നും KSSPA തിരുവമ്പാടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
KSSPA തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ.സി തങ്കച്ചൻ ആനന്ദശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം KSSPA കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി തോമസ്, സുധാകരൻ കപ്യേടത്ത്, കെ.മാധവൻ, ബഷീർ ചൂരക്കാട്ട്, എം.മധു മുക്കം, സുന്ദരൻ എ. പ്രണവം, ജോൺസൺ ജോർജ് പുത്തൂര് , മില്ലി മോഹൻ, ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ലിസ്സി മാളിയേക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ , കെ.ടി ത്രസ്യാമ്മ ചേബ്ലാനിയിൽ, ഷാലി എ. ജോസ് ചെറുശ്ശേരി, ലൈസമ്മ മാടപ്പാട്ട് എന്നിവർ സംസാരിച്ചു.