Koduvally: മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൊടുവള്ളി മുസ്‌ലിം യത്തീം ഖാനയുടെ 45-ാം വാർഷികത്തിന് പ്രസിഡന്റ് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. പതാക ഉയർത്തിയതോടെ തുടക്കമായി.
തുടർന്ന് നടന്ന വാർഷിക സമ്മേളനം ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യത്തീം ഖാന വൈസ് പ്രസിഡന്റ് സി.പി. അബ്ദുള്ളക്കോയ തങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി. കുഞ്ഞു മുഹമ്മദ്, പ്രയാൺ ഫൗണ്ടേഷൻ സ്ഥാപകൻ സുബൈർ ഹുദവി, മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ, കോതൂർ മുഹമ്മദ്, ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
സാംസ്കാരിക പ്രദർശനത്തിന്റെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. വാർഷികത്തിന്റെ ഭാഗമായി പുരാ വസ്തു പ്രദർശനം, പുസ്തകോത്സവം, ക്വിസ് മത്സരം, ടെക് ഷോ, മാജിക് ഷോ, സാംസ്കാരിക പരിപാടി, ഭക്ഷ്യ മേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 9.30-ന് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം വഖഫ് ബോർഡ് ചെയർമാൻ എം.പി. സക്കീർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന വനിത സംഗമം കൊടുവള്ളി നഗര സഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി.നൂർജഹാൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന കൊടുവള്ളി കിസ്സ പരിപാടി മക്കാട്ട് മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഫൈസൽ എളേറ്റിൽ മോഡറേറ്ററാകും. വൈകീട്ട് 7.30-ന് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ 8.30 മുതൽ രാത്രി ഒൻപതു വരെ നടക്കുന്ന സന്ദർശന പരിപാടിയോടെ വാർഷികത്തിന് സമാപനമാകും. സമാപന ദുആ സമ്മേളനത്തിന് മുഹമ്മദ് ഹൈതമി വാവാട് നേതൃത്വം നൽകും.