Thamarassery: Kozhikode – കൊല്ലഗൽ ദേശീയ പാത 766 മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 4 വരി പാതയായി വികസിപ്പിക്കും. നിലവിലെ രൂപ രേഖ അനുസരിച്ച് 2 വരി പാതയായി വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ നവംബർ 30ന് ദേശീയ പാത വിഭാഗം ഇറക്കിയ വിജ്ഞാപനം കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദായി. ഇതോടെ ദേശീയ പാതയോരത്ത് കെട്ടിട നിർമാണ അനുമതിക്ക് നിരാക്ഷേപ പത്രം സമർപ്പിക്കണമെന്ന് ഉടമകളെ നിർബന്ധിക്കാനാവില്ല.
റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം പരിശോധിച്ച് റോഡ് നാല് വരി പാതയായി വികസിപ്പിക്കണമെന്ന നിർദേശം ഉയരുകയും ചെയ്തു. നിലവിലെ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് റോഡ് 2 വരിയായി വികസിപ്പിക്കുന്നതിന് 2022 നവംബർ 30ന് സ്ഥലം ഏറ്റെടുക്കുന്നതിന് പുറത്തിറക്കിയ 3 എ വിജ്ഞാപനം കാലാവധി പൂർത്തിയാകുകയും പുതിയ പദ്ധതി രേഖ നിലവിലില്ലാതെ വരികയും ചെയ്‌തതോടെ റദ്ദായി. ദേശീയ പാത എക്സിക്യൂട്ടിവ് എൻജിനീയർ ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം കുന്നമംഗലം, താമരശ്ശേരി, പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിമാർക്കും കൊടുവള്ളി നഗരസഭ സെക്രട്ടറിക്കും കത്തയച്ചിരുന്നു. വിജ്‌ഞാപനം നിലവിലില്ലാത്തതിനാൽ, വിശദ പദ്ധതി രേഖ തയാറാക്കുന്നത് വരെ കെട്ടിട നിർമാണ അനുമതി നൽകുന്നതിലും വിജ്‌ഞാപനത്തിൽ ഉൾപ്പെട്ട സ്‌ഥലങ്ങളിലെ നിർമാണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിലും യുക്‌തമായ തീരുമാനം എടുക്കാം എന്ന് കാണിച്ചാണ് ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ കത്തയച്ചത്.
കഴിഞ്ഞ വർഷം വിജ്‌ഞാപനം പുറത്തിറങ്ങിയതോടെ കുന്നമംഗലം അടക്കം പല സ്‌ഥലങ്ങളിലും ദേശീയ പാതയോരത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനും നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ നമ്പർ അനുവദിക്കുന്നതിനും നിരാക്ഷേപ പത്രം സമർപ്പിക്കണമെന്ന് തദ്ദേശ സ്‌ഥാപന അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതോടെ നേരത്തെ നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പോലും പെർമിറ്റും നമ്പറും ലഭിക്കാൻ എൻഒസി സംഘടിപ്പിക്കാൻ ഉടമകൾ പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത വിഭാഗം ഓഫിസുകളിൽ കയറി ഇറങ്ങി ദുരിതത്തിലായിരുന്നു.
ഇത്തരം കെട്ടിടങ്ങളുടെ കാര്യത്തിൽ നിലവിലെ വിജ്ഞാപനത്തിൻ്റെ കാലാവധി കഴിയുകയും പുതിയ പദ്ധതി രേഖ നിലവിൽ വരികയും ചെയ്യാത്തതിനാൽ തദ്ദേശ സ്വയം ഭരണ അധികൃതർക്ക് ഭാവിയിലെ റോഡ് വികസനം മുന്നിൽ കണ്ട് തീരുമാനം എടുക്കാം.
അതേ സമയം വിജ്‌ഞാപനം കാലാവധി പൂർത്തിയായതോടെ കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട് ദേശീയ പാത വിഭാഗം അധികൃതർക്ക് കത്തെഴുതിയിരുന്നു എന്നും ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മറുപടിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നാണ് അധിക്യതർ പറയുന്നത്.