Kozhikode: ഒഡിഷയിൽ നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടിയിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ടൗൺ അസിസ്റ്റൻറ്് കമ്മിഷണർ ബിജു രാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ആൻറി നർക്കോട്ടിക് ഷാഡോസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒഡിഷ സ്വദേശിയായ മാനസ് ദാസ് (25), മഹാരാഷ്ട്ര സ്വദേശികളായ രാകേഷ് (32), സന്ദേശ് (30) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റ് പരിസരത്തു നിന്ന് പിടികൂടിയത്. മാനസ് ദാസിനെ കഞ്ചാവ് കൈവശം വെച്ചതിന് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വൻ തോതിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ച വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് നിരീക്ഷിച്ചു വരുകയായിരുന്നു.
മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒഡിഷയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി കോഴിക്കോട്ട് തിരിച്ചെത്തുന്നത്.
ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബി. സുലൈമാൻ, അസിസ്റ്റൻറ്് സബ് ഇൻസ്പെക്ടർ കെ.ടി. മുഹമ്മദ് ഷബീർ, എസ്.സി.പി.ഒ.മാരായ ടി.കെ. ബിനിൽകുമാർ, ദിലേഷ് കുമാർ, റിനീഷ് കുമാർ, സി.പി.ഒ. ജീതേന്ദ്രൻ ഉല്ലാസ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, പി. സജേഷ് കുമാർ, നർക്കോട്ടിക് ഷാഡോ ടീമിലെ സരുൺ, ഷിനോജ്, തൗഫീഖ്, ഇബ്നു ഫൈസൽ, മിഥുൻ, അതുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.