Kozhikode: പൂജാ അവധി ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് KSRTC. താമസവും ഭക്ഷണവുമുൾപ്പടെയുള്ള ഹ്രസ്വ-മദ്ധ്യ ദൂര ട്രിപ്പുകളാണ് പൂജാ ദിവസങ്ങളിൽ KSRTC ഒരുക്കിയിരിക്കുന്നത്.
ജാനകിക്കാട്, കരിയാത്തൻപാറ, തുഷാരഗിരി, വയനാട്, സൈലന്റ് വാലി, ആതിരപ്പള്ളി, വാഴച്ചാൽ, മൂന്നാർ, തുടങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം Kozhikode നിന്ന് പാക്കേജ് യാത്രകൾ പുറപ്പെടും. ഇതിൽ ജാനകിക്കാട്, കരിയാത്തൻപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ഭാഗത്തേക്കുള്ള യാത്രകൾ നാളെ ആരംഭിക്കും. 360 രൂപയാണ് ടിക്കറ്റ് നിരക്ക്.
തുഷാരഗിരി – വയനാട് യാത്ര 24 ന് രാവിലെ ആറിന് ആരംഭിച്ച് രാത്രി ഏഴിന് തിരിച്ചെത്തും. തുഷാരഗിരി വെള്ളച്ചാട്ടവും വയനാട്ടിലെ വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന ട്രിപ്പിന് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. സൈലന്റ് വാലി, കാഞ്ഞിരപുഴ ഡാം യാത്ര നാളെ രാവിലെ നാലിന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തും. ഭക്ഷണമുൾപ്പടെയുള്ള ട്രിപ്പിന് 1450 രൂപയാണ് ടിക്കറ്റ് നിരക്ക്. ആതിരപ്പള്ളി – വാഴച്ചാൽ – മൂന്നാർ ട്രിപ്പ് വെള്ളി, ശനി ദിവസങ്ങളിൽ പുറപ്പെടും.
യാത്രയും താമസവുമുൾപ്പടെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ടിക്കറ്റ് 2220 രൂപയുമാണ് നിരക്ക്.
18 ന് തുടങ്ങിയ പാക്കേജുകളിൽ വിവിധ ട്രിപ്പുകൾ വേറെയും ഒരുക്കിയിട്ടുണ്ട്. പാക്കേജ് ഈ മാസം 30 ന് അവസാനിക്കും. അധിക വരുമാനം ലക്ഷ്യമിട്ട് KSRTC ആരംഭിച്ച ബഡ്ജറ്റ് ടൂറിസം പദ്ധതി ജനപ്രിയമായതോടെയാണ് കൂടുതൽ യാത്രകൾ ഒരുക്കാൻ തിരുമാനിച്ചതെന്ന് KSRTC ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ പി.കെ ബിന്ദു പറഞ്ഞു. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര സാദ്ധ്യമാക്കുന്ന KSRTC യുടെ ബജറ്റ് ടൂർ പാക്കേജുകൾക്ക് കോഴിക്കോട് ആരാധകരുമേറെയാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബജറ്റ് യാത്രാ പദ്ധതിയിലൂടെ ജില്ലയിൽ നിന്ന് മാത്രം ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് പി.കെ ബിന്ദു പറഞ്ഞു. രാവിലെ 9.30 മുതൽ രാത്രി 9 മണിവരെയാണ് ബുക്കിംഗ് സമയം. ബുക്കിംഗിന് 9544477954, 9846100728 എന്ന നമ്പറിൽ ബന്ധപ്പെടാം.