Kunnamangalam: അലകടലായി അണികൾ സാവേശം ഒഴുകിയപ്പോൾ ആദർശ പ്രസ്ഥാനത്തിന്റെ ആസ്ഥാന നഗരിയിൽ അത് മറ്റൊരു ചരിത്രമായി. മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി.
വൈകിട്ട് മൂന്ന് മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് സുന്നി സംഘ കുടുംബം മർകസ് ലക്ഷ്യമാക്കി അണമുറിയാതെ നീങ്ങുകയായിരുന്നു. അഞ്ചോടെ മർകസും പരിസരവും ജന നിബിഡമായി. രാജ്യത്തിനകത്തും പുറത്തുമുള്ള സാദാത്തുക്കളും പണ്ഡിത ശ്രേഷ്ഠരും സമാപന സംഗമത്തിൽ സ്നേഹ സാന്നിധ്യമായി.
സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സനദ് ലഭിച്ച് പുറത്തിറങ്ങുന്ന പണ്ഡിതർ ഉന്നത പഠനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം പണ്ഡിതരുടെ കർത്തവ്യമാണ്. മർകസ് സുന്നത്ത് ജമാഅത്തിന്റെ കേന്ദ്രമാണെന്നും അതിന് കരുത്തു പകരുന്നത് കാന്തപുരത്തിന്റെ കരങ്ങളാണെന്നും ഇ സുലൈമാൻ മുസ്്ലിയാർ പറഞ്ഞു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. 38ാം സഖാഫി ബാച്ചിലെ 479 യുവ പണ്ഡിതരാണ് സദസ്സിന് വേറിട്ട കാഴ്ച പകർന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ്് ദാന പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ. സി പി ഉബൈദുല്ല സഖാഫി സ്വാഗതം പറഞ്ഞു. എൻ അലി അബ്ദുല്ല പ്രമേയാവതരണം നടത്തി. കാലിഫോർണിയ ദാറുൽ ഫത്വ ചെയർമാൻ ഡോ. ശൈഖ് ബിലാൽ മുഖ്യാതിഥിയിയായി. മിഷൻ ഓഫ് മർകസ് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി വിശദീകരിച്ചു.
രാജസ്ഥാൻ മുഫ്തി അഅ്‌ളം ഹസ്‌റത്ത് അല്ലാമ ഷേർ മുഹമ്മദ് ഖാൻ സാഹിബ് ജോധ്പൂർ, ശൈഖ് അഥ്ബക്ക് ശുക്രോവ് അന്നസ്ഫി (മാഞ്ചസ്റ്റർ യു കെ), സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ, ജനാബ് നൗഷാദ് ആലം മിസ്ഹാബി സംസാരിച്ചു.
ദാക്കോത്ത് അഹ്മദ് കബീർ ബിൻ മുഹമ്മദ് നാഗോർ മലേഷ്യ, ജനാബ് മുഹമ്മദ് ഇഹ്സാൻ ബിൻ അൻവർ മലേഷ്യ, ദാക്കൂഖ് ഹസനുദ്ദീൻ ബിൻ മുഹമ്മദ് യൂനുസ് മലേഷ്യ, ശൈഖ് മുഹമ്മദ് നസ്റുൽ ബിൻ അബ്ദുന്നാസർ, മുഹമ്മദ് ലുഖ്മാൻ ബിൻ അഹ്മദ് തർമീസി, ഡോ. ബശീർ ബിൻ മുഹമ്മദ് അസ്ഹരി, ജനാബ് സംരി ബിൻ സൈനുൽ ആബിദിൻ തുടങ്ങിയ വിദേശ പ്രതിനിധികൾ അതിഥികളായി. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരെ ശൈഖ് അഥ്ബക്ക് ശുക്രോവ് അന്നസ്ഫി ആദരിച്ചു.
ഇന്നലെ രാവിലെ ആറിന് ദസ്തർ ബന്ദി ചടങ്ങോടെ ആരംഭിച്ച സമ്മേളനം രാത്രി വൈകിയാണ് സമാപിച്ചത്. സഖാഫി ശൂറ കൗൺസിൽ, സഖാഫി സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, സ്ഥാന വസ്ത്ര വിതരണം, ഖത്മുൽ ബുഖാരി, ദിക്‌റ് ഹൽഖ തുടങ്ങിയ വിവിധ പരിപാടികൾ വിവിധ വേദികളിലായി നടന്നു. മർകസിൽ നിന്ന് സനദ് നേടി പുറത്തിറങ്ങിയ പതിനായിരത്തോളം സഖാഫിമാർ പണ്ഡിത സംഗമത്തിൽ പങ്കാളികളായി. ആത്മീയ സമ്മേളനത്തിൽ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി പ്രാർഥനയും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ ഭാഷണവും നടത്തി. തുടർന്ന് സയ്യിദന്മാരും പണ്ഡിതരും ദിക്റ് ഹൽഖക്ക് നേതൃത്വം നൽകി