Meppadi, റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

HOP UAE VISA FROM 7300 INR - BANNER
Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
താമരശ്ശേരി ചുങ്കം ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി.കെ. ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 24 ന് രാത്രിയോടെയാണ് ദിണ്ടികല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ബാലാജി(21) ഷോക്കേറ്റ് മരിച്ചത്. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തില്‍ റിസോര്‍ട് ജീവനക്കാര്‍ക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്.
 സംഭവം നടന്നയുടന്‍ മേപ്പാടി പോലീസ് സംഭവ സ്ഥലം സീല്‍ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടര്‍ന്ന്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും, ഫോറന്‍സിക് വിദഗ്ദരും, കെഎസ്ഇബി യും പരിശോധിച്ച് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. റിസോര്‍ട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

അപകടത്തിന് തലേ ദിവസം ഇയാളും ഷറഫുദീനും നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദീന് വൈദ്യുത തകരാറിനെ കുറിച്ച് മുന്‍കൂട്ടി ബോധ്യമുള്ളതായും, അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിര്‍ദ്ദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്.
പൂളിന് സമീപമുള്ള വൈദ്യുത തകരാര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും, തകരാര്‍ പരിഹരിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് പൂളിലേക്ക് പ്രവേശനം നല്‍കിയതാണ് അപകടത്തിന് കാരണമായത്.
മാര്‍ച്ച് 24 നാണ് ബാലാജിയടക്കമുള്ള 12 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ല റിസോര്‍ട്ടിലെത്തിയത്. രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി. 7.20 ഓടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി പൂളിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സ്വിമ്മിങ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെന്‍സിംഗിന്റെ മധ്യ ഭാഗത്തുള്ള ഗേറ്റില്‍ നിന്ന് ബാലാജിക്കും സുഹൃത്തുക്കള്‍ക്കും ഷോക്കേല്‍ക്കുകയും ബാലാജി മരിക്കുകയും ചെയ്തത്. ബാലാജിക്ക് നെഞ്ചിന് ഷോക്കേറ്റത് ആണ് മരണത്തിന് കാരണമായത്. മറ്റു യുവാക്കള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെന്‍സിങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതി എത്തിയാല്‍ എര്‍ത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവര്‍ക്ക് അപകടമുണ്ടാവുമെന്നും നേരത്തെ അറിയാമായിരുന്നിട്ടും തകരാര്‍ പരിഹരിക്കാതെ അധികൃതര്‍ ഗസ്റ്റുകള്‍ക്ക് പ്രവേശനം നല്‍കി.
ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്മാണാവശ്യത്തിന് നല്‍കിയ കണക്ഷന്‍ നിബന്ധനകള്‍ ലംഘിച്ച് നിര്‍മാണേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും,  വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരുന്ന rccb എന്ന സുരക്ഷാ ഉപകരണം ബൈപാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. Rccb ബൈപാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ താഹിര്‍, സജി, സി.പി.ഓ ബാലു, ഡ്രൈവര്‍ ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test