Mukkam: ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്റ്റേഷൻ പരിസരത്തു നിന്ന് കടത്തിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ നടപടി. കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന Mukkam പോലീസ് സ്റ്റേടനിലെ എസ്.ഐ ടി.ടി.നൗഷാദിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.വൈ.എസ്.പി പി.പ്രമോദാണ് അറസ്റ്റ് ചെയ്തത്.
നൗഷാദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെ കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ജില്ല സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കേസിലെ പ്രതികളായ ആറു പേർ Mukkam സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ പ്രധാന പ്രതി ബഷീർ ഒളിവിൽ പോവുകയും പിന്നീട് ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു.
സെപ്റ്റംബർ 19 ന് കൊടിയത്തൂർ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ജെ.സി.ബിയാണ് ഉടമയുടെ മകനും സംഘവും ചേർന്ന് കടത്തിക്കൊണ്ട് പോയത്. അപകടം നടക്കുമ്പോൾ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ജെ.സി.ബി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്‌നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവർ കീഴടങ്ങുകയും അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.