Nadapuram: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശി അബ്ദുള്‍ നാസറിനെയാണ് (62) പോക്സോ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്.
2021 ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടിയെ ബലമായി പിടിച്ച് മുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് കേസെടുത്തു.
തൊട്ടില്‍പ്പാലം ഇന്‍സ്പെക്ടര്‍ എം.ടി. ജേക്കബ്ബ് കുറ്റ പത്രം നല്‍കി. 19 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. ബന്ധുവായ ഒരു സാക്ഷി കൂറു മാറിയെങ്കിലും സാഹചര്യ തെളിവുകള്‍, ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുളള ശാസ്ത്രീയ തെളിവുകള്‍, സാക്ഷി മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി മനോജ് അരൂര്‍ ഹാജരായി.