Kozhikode: പ്രശസ്ത എഴുത്തുകാരി P Valsala അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചു.
നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി എന്നിവയാണ് പ്രധാന കൃതികള്‍. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1972ല്‍ പ്രസിദ്ധീകരിച്ച ‘നെല്ല്’ കുങ്കുമം അവാര്‍ഡ് കരസ്ഥമാക്കി. വത്സലയുടെ ആദ്യ നോവലായ ‘നെല്ല്’ രാമു കാര്യാട്ട് സിനിമയാക്കിയിരുന്നു. 25 ല്‍ അധികം ചെറു കഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ചെയര്‍ പേഴ്സണ്‍ സ്ഥാനവും വഹിച്ച വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നിട്ടുണ്ട്.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടെയും മകളായി 1938 ഏപ്രില്‍ നാലിന് കോഴിക്കോട്ടായിരുന്നു ജനനം. ഗവ. ട്രെയ്‌നിംഗ് സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: എം അപ്പുക്കുട്ടി.