Omassery: ബാംഗ്ലൂരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(ഐ.ഐ.എസ്.സി) പ്രവേശനം നേടി അമ്പലക്കണ്ടി വെള്ളച്ചാലിൽ ഹന അബൂബക്കർ നാടിനഭിമാനമായി മാറി.തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളജിൽ നിന്നും ബി.ടെക്(സിവിൽ) കോഴ്സിൽ ഉന്നത വിജയം നേടിയ ഹന അബൂബക്കർ ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയായ ഗേറ്റ്(ഗ്രാഡുവേറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്) എക്സാമിൽ മികച്ച റാങ്ക് നേടിയാണ് ശാസ്ത്ര സാങ്കേതിക പഠനത്തിലും ഗവേഷണത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം ഉറപ്പിച്ചത്.
ഭാരത സർക്കാരിന്റെ മാനവ വിഭവ ശേഷി മന്ത്രാലയം തയാറാക്കിയ എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രൈംവർക്ക്) റാങ്കിംഗിൽ തുടർച്ചയായി ഒന്നാം സ്ഥാനത്താണ് ലോകശ്രദ്ധയുള്ള ഈ സ്ഥാപനം.ഭാരതത്തിന് അഭിമാനമായി മാറിയ നിരവധി ശാസ്ത്ര പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഐ.ഐ.എസ്.സി.ബാംഗ്ലൂർ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ച് (ഐ.ഐ.എസ്.ഇ.ആർ)തുടങ്ങിയ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ രൂപീകൃതമായത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ചുവട് പിടിച്ചാണ്.
അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ടും ടൗൺ പള്ളി-മദ്‌റസയുടെ ജന.സെക്രട്ടറിയും പുതിയോത്ത് മഹല്ല് കമ്മിറ്റി അംഗവുമായ വി.സി.അബൂബക്കർ ഹാജി-സുഹറ ദമ്പതികളുടെ നാലാമത്തെ മകളാണ് ഹന.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയിരുന്ന ഹന
പാഠ്യേതര രംഗത്തും മികവ് തെളിയിച്ച മിടുക്കിയാണ്.അഭിമാന നേട്ടം കൈവരിച്ച ഹന അബൂബക്കറിനെ അമ്പലക്കണ്ടി ടൗൺ മുസ് ലിം ലീഗ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം കൈമാറി.വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ടൗൺ മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ട്രഷറർ ശംസുദ്ദീൻ നെച്ചൂളി നന്ദിയും പറഞ്ഞു.ഡോ:കെ.സൈനുദ്ദീൻ,ഡോ:യു.അബ്ദുൽ ഹസീബ്,യു.കെ.ശാഹിദ്,കെ.ടി.ഇബ്രാഹീം ഹാജി,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,മുഹമ്മദലി കിഴക്കേടത്ത്,മുഹമ്മദ് തോട്ടുങ്ങര,അബൂബക്കർ കുട്ടി നെച്ചൂളി,സി.വി.ഹുസൈൻ,ഇ.കെ.മുഹമ്മദ്,ഇ.കെ.അഹ്മദ് കുട്ടി,ഫിഗർ ഹാരിസ്,പി.പി.നൗഫൽ,എം.എ.ബഷീർ,മുഹമ്മദ് നെച്ചൂളി,കെ.ടി.സലാം,ഇ.കെ.ശമീർ,ഇബ്രാഹീം കുറ്റിക്കര,റഫീഖ് നെച്ചൂളി,കെ.ജാബിർ,വി.സി.ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു.
ഫോട്ടോ:വി.സി.ഹന അബൂബക്കറിന് മുസ്‌ലിം ലീഗ് അമ്പലക്കണ്ടി ടൗൺ കമ്മിറ്റിയുടെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി കൈമാറുന്നു.