Omassery: വർദ്ധിച്ചു വരുന്ന ഇറച്ചി കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടിൽ ഉൽപാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ കേരള ചിക്കന്റെ മാംസ വിപണന ശാലക്ക് ഓമശ്ശേരിയിൽ തുടക്കമായി.
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രോയ്‌ലർ ഫാമുകളിൽ നിന്നും ലഭ്യമാകുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴികളെയാണ് മാംസ വിപണന ശാലയിൽ വിൽക്കുന്നത്. കുടുംബശ്രീയുടെ എല്ലാ പദ്ധതികളെയും പോലെ സ്ത്രീകൾക്ക് ഉന്നമനവും സ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗ സംരക്ഷണ മേഖല പദ്ധതികൾക്ക് പുറമെ കേരള ചിക്കൻ പദ്ധതിയിലൂടെ കുടുംബ ശ്രീ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്ക് മുഖ്യ പ്രഭാഷണം നടത്തി. KBFPCL ഡയറക്ടർ യു. കമല ആദ്യ വിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ, ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന, പി.വി.സ്വാദിഖ്, ഒ.കെ.നാരായണൻ, പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.സുഹറ, പി.കെ.ഗംഗാധരൻ, അശോകൻ പുനത്തിൽ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, സലാം ആമ്പറ, കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.എമ്മുമാരായ ഐശ്വര്യ ശ്രീനിവാസ്, ആരതി വിജയൻ, കുടുംബശ്രീ ബ്ലോക് കോ-ഓർഡിനേറ്റർ സുഫൈൽ എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി സ്വാഗതവും സി.ഡി.എസ്.ചെയർ പേഴ്സൺ സുഹറാബി നെച്ചൂളി നന്ദിയും പറഞ്ഞു.
കുടുംബശ്രീ സി.ഡി.എസിനു കീഴിലാണ് ഓമശ്ശേരിയിൽ ചിക്കൻ മാംസ വിപണന ശാല ആരംഭിച്ചത്. തിരുവമ്പാടി റോഡിൽ രായരുകണ്ടി മസ്ജിദിനടുത്ത് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനു സമീപമാണ് വിപണന കേന്ദ്രം. കൊടുവള്ളി ബ്ലോക് പഞ്ചായത്തിൽ Omassery കൂടാതെ പുതുപ്പാടിയിൽ മാത്രമാണ് നിലവിൽ വിപണന ശാല പ്രവർത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍. മൃഗ സംരക്ഷണ വകുപ്പുമായും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പ്രൊഡ്യൂസര്‍ കമ്പനി മുഖേനയാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.