Vythiri: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രണ്ടോ- മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ മുറിവിലും അസ്വാഭാവികതയുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. സാധാരണ തൂങ്ങിമരണത്തിൽ കാണാത്ത തരം മുറിവുകളായതിൽ പൊലീസ് അസ്വാഭാവികത സംശയിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
കഴിഞ്ഞ 18 നാണ് രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു.
സംഭവത്തിൽ കോളേജിലെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.