Kdanchery: ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ ആരംഭിക്കുന്നു.
സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രങ്ങളായ ചാലിപ്പുഴയുടെയും ഇരുവഞ്ഞിപ്പുഴയുടെയും ഒഴുക്കിനെ കീറിമുറിച്ച് വിസ്മയം തീർക്കാൻ കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി. അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് പരിശീലന സംഘങ്ങൾ പരിശീലനം തുടരുന്നത്.
സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, ജില്ലാ പഞ്ചായത്തും, തിരുവമ്പാടി, Kodanchery പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞവർഷം അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തിച്ചേരും. ഉത്തരാഖണ്ഡിലെ ഋക്ഷികേശ് നിന്നുള്ള താരങ്ങളാണ് കൂടുതൽ എത്തിച്ചേർന്നിട്ടുള്ളത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ താരങ്ങളും എത്തിച്ചേരും.
മലബാറിന്റെ മാമാങ്കമായി മാറുന്ന കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർഥം വിവിധ മത്സരങ്ങൾ നടക്കും. ഈ മാസം 30ന് കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് ചാലിപ്പുഴയിലെ പുലിക്കയം മത്സരവേദിയിലേക്ക് സൈക്കിൾ റാലിയും, തുഷാരഗിരിയിൽ വനിതകളുടെ മഴനടത്തം എന്നിവ നടക്കും.29 ന് ഓമശ്ശേരിയിൽ ‘മഡ് ഫുട്ബോൾ, 29 ശനി രാവിലെ 7 ന് പുരുഷന്മാർക്ക് പുല്ലുരാംപാറയിൽ നിന്ന് കോടഞ്ചേരിയിലേക്കും, വനിതകൾക്ക് നെല്ലിപ്പൊയിൽ നിന്നും കോടഞ്ചേരിയിലേക്കും ക്രോസ് കൺട്രി മത്സരം നടത്തുന്നു.കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന കയാക്കിംഗ് ബ്രഷ് സ്ട്രോക്ക്സ് ഓഗസ്റ്റ് രണ്ട് ശനിയാഴ്ച പുലിക്കയത്ത് നടത്തുന്നു. കയാക്കിംഗ് ദിവസങ്ങളിൽ കോഴിക്കോട് നിന്നും കക്കാടംപൊയിലിലേക്കും, തുഷാരഗിരിയിലേക്കും കെ.എസ്.ആർ.ടി.സി മൺസൂൺ ഉല്ലാസയാത്ര നടത്തുന്നു. കോടഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഓഫ് റോഡ് റെയ്സ് എന്നീ ഇവന്റുകളാണ് നടക്കുക.