Malappuram: Karipur Airport വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ(34)യാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള Air India വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ Malappuram ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന 25-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.