Thamarassery: മോഷണ പരാതി നൽകി ഒന്നര വർഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം. കോഴിക്കോട് താമരശേരി സ്വദേശിയും സ്വർണ പണിക്കാരനുമായ പ്രമോദാണ് താമരശേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ പൊലീസ് വിവരങ്ങൾ തേടിയപ്പോഴാണ് തൻറെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം പ്രമോദ് അറിഞ്ഞത്. തൻറെ കടയിൽ നിന്ന് 38 ഗ്രാം സ്വർണം മോഷണം പോയ സംഭവത്തിൽ 2022 മെയ് 30നായിരുന്നു പ്രമോദ് Thamarassery പൊലീസിൽ പരാതി നൽകിയത്.
ചെമ്പ് തകിട് വാങ്ങാനെന്ന പേരിലെത്തിയ ആൾ സ്വർണവുമായി കടന്നു കളയുകയായിരുന്നു. അന്നു തന്നെ സിസിടിവി ദൃശ്യങ്ങൾ സഹിതം സ്റ്റേഷനിലെത്തി പരാതി നൽകി. രണ്ടു ദിവസത്തിനകം പൊലീസ് കടയിലെത്തി പ്രാഥമിക പരിശോധനകളും മറ്റും നടത്തുകയും ചെയ്തു. പിന്നീട് ഒന്നുമുണ്ടായില്ല.
അടുത്തിടെ പ്രമോദിൻറെ സുഹൃത്തും കോഴിക്കോട് പാളയത്തെ സ്വർണ പണിക്കാരനുമായ സത്യൻറെ കടയിൽ സമാനമായ രീതിയിൽ മോഷണം നടന്നു. തൻറെ അനുഭവം പ്രമോദ് സുഹൃത്തിനോട് പറയുകയും ചെയ്തു. ഈ വിവരം അറിഞ്ഞ കോഴിക്കോട് ടൗൺ പൊലീസ് കേസിനെ കുറിച്ച് തിരക്കിയപ്പോഴാണ് അന്വേഷണം എന്തായെന്നറിയാൻ പ്രമോദ് Thamarassery പൊലീസിൽ ബന്ധപ്പെട്ടത്.
എന്നാൽ തൻറെ പരാതിയിൻമേൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക പോലും ഉണ്ടായിട്ടില്ലെന്ന മറുപടിയാണ് സ്റ്റേഷനിൽ നിന്ന് കിട്ടിയതെന്ന് പ്രമോദ് പറയുന്നു. പരാതി സ്വീകരിച്ച ഘട്ടത്തിൽ പൊലീസ് രസീത് നൽകിയിരുന്നുമില്ല.
പാളയത്തെ മോഷണവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരു മോഷണങ്ങളും നടത്തിയത് ഒരാൾ തന്നെയെന്നാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന. അതേ സമയം, എന്തുകൊണ്ട് കേസ് എടുത്തില്ലെന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നാണ് Thamarassery പൊലീസിൻറെ വിശദീകരണം.