Thamarassery: വയനാട് ചുരം ഏട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത്. യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ്.
താമരശ്ശേരി ചുരം അടിവാരം മുതൽ ലക്കിടി വരെ അതിരൂക്ഷമായ ഗതാഗത കുരുക്ക്, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ അവധികൾ കാരണം വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം.
ചുരത്തിന് താങ്ങാനാവുന്നതിലും അധികം വാഹനങ്ങളാണ് നിലവിൽ ഇതു വഴി കടന്നു പോകുന്നത്. വാഹന തിരക്കിനോടൊപ്പം അശ്രദ്ധമായി വരുത്തുന്ന അപകടങ്ങളും ഗതാഗത കുരുക്ക് ചുരത്തിൽ പതിവായിരിക്കുകയാണ്.
ഏറെ ഗതാഗത തിരക്കുള്ള ഈ ദേശീയ പാതയിലെ വയനാട് ചുരത്തിൽ ബൈപാസ് നിർമിക്കണമന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കുണ്ട്. നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലവ് – തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കി പരിഹരിക്കാവുന്ന പ്രശ്നമാണ് സർക്കാരിന്റെയും ജന പ്രതിനിധികളുടെയും തികഞ്ഞ അവഗണന മൂലം യാത്രക്കാരെ ചുരത്തിൽ പച്ച വെള്ളം പോലും കിട്ടാത്ത അവസ്ഥയിൽ തളച്ചിടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.