Thamarassery: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗ സംഘം കാർ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. കാറുമായി സംഘം കടന്നതായും പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ചുരത്തിലെ ഒൻപതാം വളവിനു താഴെ രാവിലെ എട്ട് മണിയോടെയാണ് കവർച്ച. മൈസൂരുവിൽ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27) യാണ് ആക്രമിക്കപ്പെട്ടത്.
എന്നാൽ ബുധനാഴ്ച സംഭവം നടന്നിട്ടും വിശാൽ ഇന്നലെയാണ് പരാതി നൽകിയത്. പൊലീസിൽ പറഞ്ഞാൽ കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്നാണ് ഇയാൾ പറയുന്നത്.
മൈസൂരുവിൽ നിന്നു ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് വിശാൽ കൊടുവള്ളിയിലേക്ക് കാറിൽ വന്നത്. ഒൻപതാം വളവിലെത്തിയപ്പോൾ പിന്നിൽ രണ്ട് കാറുകളിലായി പന്തുടർന്നെത്തിയ സംഘം വിശാലിന്റെ കാർ തടഞ്ഞിട്ടു. വശത്തെ ഗ്ലാസുകൾ അടിച്ചു തകർത്ത സംഘം വിശാലിനെ കാറിൽ നിന്നു വലിച്ചു പുറത്തിട്ടു. കമ്പിയടക്കമുള്ളവ ഉപയോഗിച്ചു അടിച്ചു പരിക്കേൽപ്പിച്ചു. കാറിൽ സൂക്ഷിച്ച പണവും മൊബൈലും എടുത്തു സംഘം കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു പോയി.
കൊടുവള്ളിയിൽ നിന്നു പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണുമാണ് കാറിലുണ്ടായിരുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. അതേ സമയം ഇതു കുഴൽപ്പണമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ Thamarassery പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.