Thamarassery: സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ വീട്ടിൽ സൂരജാണ് മരിച്ചത്. നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്. ഇദ്ദേഹത്തെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ച് എത്തിയിരുന്നു. ഫ്ലാറ്റിനകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. കാരണം വ്യക്തമായിട്ടില്ല.