Thamarassery: അവധി ദിനങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ Thamarassery ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാര വാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്ത ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് Kozhikode കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. അവധി ദിവസങ്ങളില്‍ പകല്‍ സമയത്ത് നിയന്ത്രണം കൊണ്ടു വരാനാണ് ആലോചിക്കുന്നത്. വൈകാതെ തന്നെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ ഭാര വാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം Kozhikode ജില്ലാ ഭരണകൂടത്തിന് മുന്നില്‍ വെക്കുമെന്ന് വയനാട് കളക്ടര്‍ ഡോ. രേണു രാജും വ്യക്തമാക്കി. ഇങ്ങനെയൊരു പ്രപ്പോസല്‍ നേരത്തേ നല്‍കിയതാണ്.
കഴിഞ്ഞ ദിവസം യാത്രക്കാര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് വലിയ ദുരിതമനുഭവിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്‍കൈയെടുക്കുന്നത്. വൈകീട്ട് നാലു മണിക്കു ശേഷമാണ് ചുരത്തില്‍ വലിയ തിരക്കനുഭവപ്പെടുന്നത്. ആ കുറച്ചു സമയത്തേക്കാണ് നിയന്ത്രണമാവശ്യപ്പെടുക. വയനാട്ടിലേക്ക് ബദല്‍ റോഡ് യാഥാര്‍ഥ്യമാവുന്നതുവരെ ഈ നിയന്ത്രണം തുടരണമെന്നും രേണുരാജ് പറഞ്ഞു.
10 ചക്രത്തിലധികം വലുപ്പമുള്ള ചരക്കു വാഹനങ്ങളാണ് പലപ്പോഴും ചുരത്തിലെ വളവുകളില്‍ ആക്‌സില്‍ പൊട്ടിയും മറ്റും വഴി മുടക്കുന്നത്. അമിത ഭാരം കയറ്റിയ ലോറികള്‍ പലപ്പോഴും മറിയാറുമുണ്ട്. മരത്തടിയുമായി വരുന്ന നീളം കൂടിയ വാഹനങ്ങള്‍ ചുരത്തിന്റെ പാര്‍ശ്വ ഭിത്തിയില്‍ തട്ടി നിന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്.
കഴിഞ്ഞ ഞായറാഴ്ച എട്ടാം വളവില്‍ ചരക്കുലോറി യന്ത്രത്തകരാറിനെ തുടര്‍ന്ന് കുടുങ്ങിയതാണ് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിന് കാരണമായത്. നവരാത്രി അവധി ആഘോഷിക്കാനെത്തിയവര്‍ കുടിവെള്ളം പോലുമില്ലാതെ ചുരത്തില്‍ കുടുങ്ങിക്കിടന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തകരാറായ ലോറിയുടെ യന്ത്രത്തകരാര്‍ പരിഹരിച്ചത് രാത്രി ഏഴരയോടെയാണ്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ചുരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നേരത്തേ വലിയ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു.
പിന്നീട് അതില്‍ ഇളവുവന്നു. മാത്രമല്ല നാലാം വളവിലുള്‍പ്പെടെ ടിപ്പര്‍ ലോറികള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിട്ടും അധികൃതര്‍ ഒരു ഇടപെടലും നടത്തിയില്ല. വലിയ ഗതാഗതക്കുരുക്ക് വരുമ്പോള്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവുന്നതെന്നാണ് പൊതുവായ ആക്ഷേപം. പച്ചക്കറി, അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുമായി വരുന്ന ലോറികള്‍ കടത്തി വിടുകയും മറ്റ് ഭീമന്‍ വാഹനങ്ങള്‍ നിയന്ത്രിക്കുകയും വേണമെന്നാണ് പൊതുവിലുള്ള ആവശ്യം. മാത്രമല്ല വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയാല്‍ അത് അടിയന്തരമായി നീക്കംചെയ്യാനും സംവിധാനം വേണം. തകരാറിലായ വാഹനങ്ങള്‍ മാറ്റാന്‍ നാലും അഞ്ചും മണിക്കൂര്‍ എടുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. അതിനുകൂടി പരിഹാരം കാണണം