Kozhikode: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തില്‍ യുവാവ് പിടിയില്‍.
വേങ്ങേരി തടമ്പാട്ടുതാഴം കല്ലുട്ടിവയല്‍ താമസക്കാരനും, Thamarassery ഈർപോണ സ്വദേശിയുമായ അബ്ദുല്‍ മജീദ് (60) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്തായ വേങ്ങേരി വഴിപോക്ക് നിലം വീട്ടില്‍ അരുണിനെ (ലാലു 40) ചേവായൂര്‍ പൊലീസ് ഇൻസ്‍പെക്ടര്‍ കെ.കെ. ആഗേഷ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുല്‍ മജീദ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണു പരിക്കേറ്റെന്നു പറഞ്ഞാണ് മജീദിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുതുവത്സര തലേന്ന് ആള്‍ത്താമസമില്ലാത്ത കെട്ടിടത്തിന്റെ മുകളിലിരുന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം ആഘോഷം നടത്തിയിരുന്നു. പത്തു മണിയോടെ മജീദും അരുണും ഉള്‍പ്പെടെ ആറു പേര്‍ മാത്രമായി. വിഹിതമെടുത്ത് കേക്ക് വാങ്ങുന്നത് സംബന്ധിച്ച് മജീദും അരുണും തമ്മില്‍ തര്‍ക്കമുണ്ടായി. പല തവണ തര്‍ക്കമുണ്ടായെങ്കിലും മറ്റു നാലു പേരും കൂടി പിടിച്ചു മാറ്റി.
കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തിനെ ചവിട്ടി അരുണ്‍ മജീദിനെ ടെറസിനു മുകളില്‍ നിന്ന് തള്ളിയിടുകയായിരുന്നു. അബ്ദുല്‍ മജീദിന്റെ ശരീരത്തിന് പുറത്ത് കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ കൃത്യം നടന്ന വീടിനകത്താക്കി അരുണ്‍ ഇവിടെ നിന്ന് കടന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് സംഭവിച്ച പരിക്ക് മൂലം അബ്ദുല്‍ മജീദ് മരിക്കുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്ററിലെ ഡ്രൈവറായ അരുണ്‍ ഒളിവിലായിരുന്നു.
മജീദിന്റെ മകള്‍ അപകടത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ഇൻസ്‍പെക്ടര്‍ കെ.കെ. ആഗേഷ്, എസ്.ഐ നിമിൻ എസ്. ദിവാകര്‍ എന്നിവര്‍ അരുണ്‍ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലത്തെ സ്ഥാപനത്തിലെത്തി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു ദിവസമായി അവധിയിലാണെന്ന് മനസ്സിലായത്. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് Kozhikode മെഡിക്കല്‍ കോളജിലുമാണ് മജീദിനെ പ്രവേശിപ്പിച്ചത്. അരുണിനെതിരെ കൊലക്കുറ്റം ചുമത്തി. ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ ഉണ്ടെന്ന് ചേവായൂര്‍ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി സ്വദേശമായ Thamarassery ഈർപ്പോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.