Balussery: അറുപത് അടിയോളം ഉയരമുള്ള മാവില്‍ കണ്ണിമാങ്ങ പറിക്കാനായി കയറിയ വയോധികന് കൊമ്പ് പൊട്ടി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍കാവിലെ കുന്നുമ്മല്‍ കോയ (62) ആണ് അപകടത്തില്‍പ്പെട്ടത്. കക്കയം പാണ്ടന്‍മനായില്‍ ദേവസ്യയുടെ ഇരുപത്തിയെട്ടാം മൈലിലുള്ള തോട്ടത്തിലെ മാവില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്.
മരത്തില്‍ നിന്ന് താഴെ വീണില്ലെങ്കിലും മറ്റ് ശിഖിരങ്ങളില്‍ തട്ടി തുടയെല്ല് പൊട്ടിയിരുന്നു. ശിഖിരങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കോയയെ പരിസരവാസിയായ ടോമി അലക്‌സ് എന്നയാള്‍ മാവില്‍ കയറി കയറിട്ട് കുരുക്കി നിര്‍ത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നിരക്ഷാ സേനയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടയെല്ല് പൊട്ടിയതിനാല്‍ താഴെയിറങ്ങാനാകാതെ നിന്ന കോയയെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് സാവധാനം താഴെയിറക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.