Mukkam: വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹനെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. കാറിലെത്തി മര്‍ദിച്ച നാലംഗ സംഘത്തിനെതിരെയാണ് അന്വേഷണം. കഴിഞ്ഞ ഇരുപതിനാണ് ബൈക്കില്‍ സഞ്ചരിക്കവെ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കര്‍ണപടത്തിന് പരുക്കേറ്റതായാണ് യുവാവിന്‍റെ പരാതി.
കറുത്തപറമ്പ് സ്വദേശി ഷഹന്‍ വീട്ടില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പോകുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. ഇടറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് കയറുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച കാറിന് മുന്നില്‍ ബൈക്ക് പെട്ടുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം വാഹനം തടഞ്ഞ് മര്‍ദിച്ചുവെന്നാണ് പരാതി. കഴുത്തിനും പുറത്തും കണ്ണിലും മൂക്കിലുമെക്കെയായി പ്രതികള്‍ മര്‍ദിച്ചുവെന്നും ചെവിയ്ക്കുള്ളിലെ പാട പൊട്ടിയതായും ഷഹന്‍ പറയുന്നു.
ഷഹന്‍റെ ബൈക്കിനെ കാര്‍ പിന്തുടരുന്ന സിസിടിവി ദൃശ്യം പൊലീസിന്‍റെ പക്കലുണ്ട്. മര്‍ദിച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതികള്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണെന്ന് വ്യക്തമാക്കിയ പൊലീസ് േപരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.