Tanur: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ താനൂരിൽ യുവാവ് അറസ്റ്റിലായി. ഓമച്ചപ്പുഴ കരിങ്കപ്പാറ തണ്ണീരിക്കൽ നിധീഷിനെയാണ് (30) താനൂർ പൊലീസ് പിടികൂടിയത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഏഴ് ജോലിക്കാർ രാജിവെച്ച് ഗൾഫിലേക്ക് പോകുന്ന ഒഴിവിലേക്ക് പുതിയ ആളെ എടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ആളുകളിൽനിന്ന് ഇയാൾ പണം തട്ടിയത്.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ പേരിലുള്ള ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് മെയിലയച്ചും ആര്യവൈദ്യശാലയുടെ എംബ്ലമുള്ള ലെറ്റർ പാഡിൽ കത്തയച്ചും ആളുകളെ വിശ്വസിപ്പിച്ചാണ് പ്രതി ലക്ഷങ്ങൾ പലരിൽനിന്നായി തട്ടിയെടുത്തത്.
കാടാമ്പുഴ പിലാത്തറയിലെ നടക്കാവ് പറമ്പിൽ സഞ്ജയന്റെ പരാതിയിലാണ് താനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഗോഡൗൺ സൂപ്പർവൈസറായി ജോലി വാഗ്ദാനം ചെയ്ത് 30,000 രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.