Thiruvambady: കർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയും Thamarassery രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരനുമായ മോൺ. ആന്റണി കൊഴുവനാൽ (79) അന്തരിച്ചു.
രൂപതയുടെ മൂല്യ ബോധന പരിശീലന സ്ഥാപനമായ കോഴിക്കോട് സ്റ്റാർട്ടിന്റെ ഡയറക്ടർ ആയിരിക്കെ അസുഖം ബാധിച്ചതിനെ തുടർന്നു വിശ്രമത്തിലായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെ മുക്കം അഗസ്ത്യൻമൂഴി സെന്റ് ജോസഫ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് (07-12-2023-വ്യാഴം) ഉച്ചവരെ ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതു ദർശനത്തിനു വെക്കും.
സംസ്കാരം നാളെ (08-12-2023-വെള്ളി) രാവിലെ 09:00ന് കൂരാച്ചുണ്ടിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ശുശ്രൂഷകൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമജീയൂസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും.
കോട്ടയത്ത് നിന്നു കോഴിക്കോട് കൂരാച്ചുണ്ടിലേക്ക് 1948ൽ കുടിയേറിയ കൊഴുവനാൽ കുടുംബത്തിലെ അംഗമാണ്. കാനഡയിൽനിന്നു പി എച്ച്‌ഡി നേടി 1987ൽ സ്വദേശത്ത് തിരിച്ചെത്തി വിവിധ ഇടവകകളിൽ വികാരിയായി. വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊക്കോകോള, പാമോയിൽ ബഹിഷ്കരണ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചു. പശ്ചിമ ഘട്ട ജന സംരക്ഷണ സമിതിയുടെ ആരംഭം മുതൽ സമിതിയുടെ ചെയർമാൻ ആയിരുന്നു. കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് വന്യ മൃഗങ്ങളിൽ നിന്നു സംരക്ഷണം ഉറപ്പാക്കുന്നതിനും വിവിധ സമരങ്ങൾക്കു നേതൃത്വം നൽകി.
2017 ഏപ്രിൽ 29ന് ആണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിനു ചാപ്ലൈൻ ഓഫ് ഹിസ് ഹോളിനസ് എന്ന സ്ഥാനം നൽകി മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തിയത്.
സഹോദരങ്ങൾ: ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പിൽ (കൂരാച്ചുണ്ട്), പാപ്പച്ചൻ (തെയ്യപ്പാറ), വക്കച്ചൻ (ചമൽ), സാലി മാളിയേക്കൽ (കണ്ണോത്ത്)