Thiruvambady: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക്ക് സംവിധാനം കുറ്റമറ്റതാക്കാൻ ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കും. വൺ സൈഡ് പാർക്കിങ് കർശനമാക്കും. ടൗണിൽ സ്ഥിരമായി പോലിസ് പട്രോളിങ് നടപ്പാക്കും.
വിദ്യാർഥികളുമായി സ്‌കൂളിലേക്ക് വരുന്ന വാഹനങ്ങൾ സ്‌കൂൾ കോമ്പൗണ്ടിൽ കയറ്റി മാത്രം കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യാൻ നിർദേശം നൽകും. ബസ് സ്റ്റാൻഡിലേക്ക് ചർച്ച് റോഡിൽ നിന്ന് പ്രവേശിച്ച് വലത് ഭാഗത്തെ പൊതുറോഡ് മാർക്ക് ചെയ്ത് തിരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷനായി. ലിസി അബ്രഹാം, കെ.എം. മുഹമ്മദലി, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, അപ്പു കോട്ടയിൽ, ബീന ആറാംപുറത്ത്, ഷാജി ആലക്കൽ, റിയാസ്, ജോസ് മാത്യു, തിരുവമ്പാടി പോലീസ് ഇൻസ്‌പെക്ടർ എ. അനിൽകുമാർ, കെ.ടി. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.