Koduvally: കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവു കച്ചവടങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഏതാനുംപേർക്ക് കൊടുവള്ളി ടൗണിൽ തെരുവു കച്ചവടം നടത്താൻ നഗരസഭ അനുമതിയും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്.
എന്നാൽ, ഏറെപ്പേർ ഒരു അനുമതിയുമില്ലാതെയാണ് ഇപ്പോൾ ടൗണിൽ തെരുവു കച്ചവടം നടത്തുന്നത്. അനധികൃത കച്ചവടത്തിനെതിരേ നടപടിയെടുക്കണമെന്ന് വ്യാപാരികൾ നഗരസഭ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ശക്തമായ നടപടികളുണ്ടാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.