Thiruvananthapuram: ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ച് കയറുന്നു. കനത്ത മഴയിൽ തമിഴ്നാട്ടിലും കർണാടകയിലും വ്യാപകമായി കൃഷി നാശം ഉണ്ടായതോടെ വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഓണക്കാലമാകുന്നതോടെ ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തൽ. വില ഉയർന്നതിനു പിന്നാലെ പല പച്ചക്കറികളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. തമിഴ്‌നാട്ടിലെ പളനി,പൊട്ടൻചത്രം, പാവൻചത്രം, തിരുനെൽവേലി, കാവകിണർ, മധുര, ഉടൻകുടി, കർണ്ണാടകയിലെ ഒസൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി ലോഡുകൾ കൂടുതലായി തലസ്ഥാനത്ത് എത്തുന്നത്.
തലസ്ഥാനത്തെ (Kerala) പ്രധാന മാർക്കറ്റുകളിലേക്കുള്ള പച്ചക്കറി വാഹനങ്ങളുടെ വരവിലും കുറവ് ഉണ്ടായിട്ടുണ്ട്.വില ഉയർന്നതോടെ വിദേശങ്ങളിലേക്ക് പച്ചക്കറി കയറ്റി അയയ്ക്കുന്ന ഏജൻസികൾ തോട്ടങ്ങളിൽ നിന്നും നേരിട്ട് സാധനങ്ങൾ എടുത്ത് തുടങ്ങി. വില കുതിച്ച് കയറിയതോടെ ചെറുകിട പച്ചക്കറി കടകളിൽ പലയിടത്തും വെട്ടുമലക്കറി കിറ്റുകൾ വിൽകുന്നത് നിർത്തി.
സാമ്പാർ, അവിയൽ എന്നിവയ്ക്ക് ആവശ്യമായ പച്ചക്കറി എണ്ണം പറഞ്ഞു തൂക്കി വാങ്ങേണ്ട സ്ഥിതിയാണ്. ചെറിയ ഉള്ളി ഒരു കിലോ 160 രൂപ , ഇഞ്ചി 280 , വെളുത്തുള്ളി കിലോ 200 തുടങ്ങിയവയാണ് വിലയിൽ മുന്നിട്ട് നിൽക്കുന്നവ. തൊണ്ടൻ മുളക്, വെള്ളരിക്ക എന്നിവയുടെ വില താഴ്ന്നത് ആശ്വാസമായി.