Wayanad: പുല്‍പള്ളി- ആലത്തൂര്‍ കുളക്കാട്ടി കവലയ്ക്ക് സമീപം കടുവയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂക്കനോലില്‍ സിജോയാണ് ശനിയാഴ്ച രാവിലെ ടൗണിലെ കടയിലേക്ക് വരുന്നതിനിടെ സുരഭിക്കവല- കൊളക്കാട്ടി കവല റോഡില്‍ കടുവയുടെ മുന്നില്‍ പെട്ടത്.
ബൈക്ക് മറിച്ചിട്ട ശേഷം സിജോ അടുത്തുള്ള വീട്ടില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. വിവരം അറിഞ്ഞ് വന പാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം വനം വകുപ്പ് കൂട് സ്ഥാപിച്ചതിന് ഒരു കിലോമീറ്റര്‍ മാറിയാണ് കടുവയെ കണ്ടത്. മുമ്പും പ്രദേശത്ത് കടുവ നാട്ടുകാരുടെ ശ്രദ്ധയില്‍ പട്ടിരുന്നു. ഇതേ തുടര്‍ന്നു വന സേന ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.
സാന്നിധ്യം സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവയെ പിടിക്കാന്‍ കഴിയാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. കടുവയിറങ്ങുമ്പോള്‍ വനം വകുപ്പ് കൂട് സ്ഥാപിക്കുന്നതല്ലാതെ വേറൊന്നും ചെയ്യുന്നില്ല. ജന പ്രതിനിധികളും നാട്ടുകാരും സമരം ചെയ്യുമ്പോള്‍ മാത്രമാണ് കൂട് വയ്ക്കാന്‍ പോലും തയാറാകുന്നത്. ജനങ്ങളുടെ ആശങ്കയകറ്റേണ്ടത് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും ഉത്തരവാദിതമാണെന്നും സംഷാദ് പറഞ്ഞു.