Wayanad: പുൽപ്പള്ളിയിൽ പൊലീസ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട സൈനികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുൽപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനികൻ പരാതി നൽകി. ലാൻസ് നായിക് ആയി സേവനമനുഷ്ടിക്കുന്ന കെ.എസ്.അജിത്തിനാണ് മർദനമേറ്റത്. Wayanad പുൽപ്പള്ളിയിൽ ഉത്സവ പറമ്പിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കത്തിൽ പൊലീസ് മർദ്ദിച്ചെന്ന് ആണ് സൈനികൻ്റെ ആരോപണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കര സേനയിൽ ലാൻസ് നായിക് ആയി ഉത്തർ പ്രദേശിൽ സേവനമനുഷ്ടിക്കുന്ന കെ.എസ്. അജിത്താണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. അവധിക്ക് നാട്ടിൽ എത്തിയതാണ് അജിത്. കാലിന് ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും അജിത്തിന് പുൽപ്പള്ളി പൊലീസ് ഇന്ന് അറസ്റ്റ് നോട്ടീസ് നൽകി. ഇതോടെ വെസ്റ്റ്‌ഹിൽ ബാരക്കിൽ നിന്നുള്ള സൈനികരും വിമുക്ത ഭടൻമാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തി. പിന്നീട് അജിത്തിനെ കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മർദ്ദിച്ചവർക്കെതിരെ അജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതി പുൽപ്പള്ളി പൊലീസിന് കൈമാറി. അജിത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അജിത്തിനെ മർദിച്ചിട്ടില്ലെന്നാണ് പുൽപ്പള്ളി പൊലീസിന്‍റെ വിശദീകരണം.
