Wayanad: വന്യ ജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ വയനാട്ടുകാരുടെ രോഷം അണ പൊട്ടിയൊഴുകുകയാണ്. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജന രോഷം ഇരമ്പി.
ഇതോടെ, സ്ഥലം എം.പി രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്.
നിലവിൽ, വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തി നിൽക്കുന്നത്. ഇന്ന് വൈകീട്ട് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് അറിയിച്ചു. ഞായറാഴ്ച ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗരാജിലേക്ക് രാഹുൽ തിരിച്ചെത്താനാണിപ്പോൾ തീരുമാനം.
ജില്ലയിലെ വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മന്ത്രിമാർ വയനാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
വയനാട്ടിലെ അതിഗുരുതര സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. യോഗത്തിൽ പ്രധാനപ്പെട്ട മറ്റു ചില തീരുമാനങ്ങളും കൈക്കൊണ്ടെന്നാണ് വിവരം.
പ്രശ്നബാധിതമായ, വന്യ മൃഗ ആക്രമണങ്ങൾ രൂക്ഷമായ സ്ഥലങ്ങളിൽ 250 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് മന്ത്രിമാരും അടിയന്തിരമായി വയനാട്ടിലെത്തി കളക്ട്രേറ്റിൽ യോഗം ചേരാനും തീരുമാനിച്ചു. ഇതിനുശേഷം, വയനാട്ടിൽ ചെയ്യേണ്ട തുടർനടപടികളെ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. പ്രശ്‌നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനവും യോഗത്തിൽ എടുത്തിട്ടുണ്ട്.
ചീഫ് സെക്രട്ടറി വി. വേണു, സംസ്ഥാന പോലീസ് മേധാവി, ഷെയ്ഖ് ദർവേഷ് സാഹിബ്, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ ജ്യോതിലാൽ ഉൾപ്പെടെയുള്ളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.