Kalpetta: വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊളവയല്‍ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുകേഷ് ഭാര്യയെ എന്തോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുകേഷ് തന്നെയാണ് നാട്ടുകാരെയും, പോലീസിനെയും വിവരമറിയിച്ചതെന്നും പറയുന്നുണ്ട്. സംഭവ സമയം മുകേഷിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
2022 നവംബര്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.