Wayanad മേപ്പാടിയിൽ ഇൻഷുറൻസ് തുക അടക്കാത്തതിന് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റതിൽ അന്വേഷണം. മൂപ്പൈനാട് മുക്കിൽപീടിക സ്വദേശി എൻ ആർ നാരായണന്റെ പരാതിയിലാണ് വയനാട് അഡീഷണൽ എസ്പി അന്വേഷണം തുടങ്ങിയത്. 2018ലുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് പൊലീസ് അന്വേഷണത്തിന് തയാറായത്.
2018 ഡിസംബറിലാണ് നാരായണന്റെ ഓട്ടോറിക്ഷ പൊലീസ്പിടിച്ചെടുത്തത്. ഇൻഷുറൻസ് അടവ് മുടങ്ങിയതായിരുന്നു കാരണം. 1000 രൂപ പിഴ അടച്ചു. ഇൻഷുറൻസ് തുക മുഴുവൻ അടച്ചാലേ വണ്ടി വിട്ട് തരൂ എന്ന് പൊലീസ് നിലപാടെടുത്തു. രണ്ട് മാസത്തിന് ശേഷം നാരായണൻ പിഴയടക്കാനെത്തിയപ്പോൾ ആണ് ഓട്ടോ പൊളിച്ച നിലയിൽ കണ്ടത്.
കല്ക്ടർക്കും എസ്പിക്കും പരാതി നൽകി. നടപടിയൊന്നും ഉണ്ടായില്ല. ഒടുവിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അഡീഷണൽ എസ്പി വിനോദ് പിള്ള നാരായണന്റെ മൊഴിയെടുത്തു. പൊലീസിന്റെ വീഴ്ചയും അന്വേഷണ പരിധിയിലുണ്ട്. ഉപജീവനമാർഗം മുടങ്ങിയതിനെ തുടർന്ന് ഹോട്ടൽ ജോലിയെടുത്താണ് നാരായണൻ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാരായണൻ.