Manjeri: ഭാര്യയുടെ എതിർപ്പിനെ അവഗണിച്ച് ബലംപ്രയോഗിച്ച് ഗുളിക നൽകി ഗർഭം അലസിപ്പിച്ച ഭർത്താവിനെ മഞ്ചേരി അഡിഷനൻ ജില്ലാ സെഷൻസ് കോടതി (ഒന്ന്) നാലരവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തുവ്വൂർ ചായിയോട് നീലാഞ്ചേരി ചെറുകര ബർക്കത്തലി (37)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ ഫസീലയാണ് പരാതിക്കാരി.
2007 നവംബർ 18 മുതൽ ദമ്പതികൾ തുവ്വൂർ ചായിയോടുള്ള ഭർത്താവിന്റെ തറവാട്ടു വീട്ടിൽ ജീവിച്ചു വരികയായിരുന്നു. ഗർഭിണിയായ ശേഷമാണ് ഫസീലയുടെ ഭർത്താവ് മറ്റൊരു വിവാഹം കൂടി കഴിച്ചതായി അറിയുന്നത്.
ഇക്കാര്യം തന്റെ വീട്ടിൽ അറിയിക്കുമെന്ന് ഫസീല പറഞ്ഞതിലുള്ള വിരോധം മൂലം ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ചു മർദ്ദിക്കുകയും ബലം പ്രയോഗിച്ച് ഗുളിക കഴിപ്പിച്ച് ഗർഭം അലസിപ്പിച്ചു എന്നും ആണ് കേസ്.
2014 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. ഭർത്യമാതാവ് സൈന ഭർത്യ സഹോദരങ്ങളായ റുബീന മുഹ്സിന തസ്നീം എന്നിവരും കേസിൽ പ്രതികളാണ്.
വിവാഹസമയത്ത് ഭാര്യവീട്ടുകാർ നൽകിയ 50 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും പ്രതികൾ എടുത്തു എന്ന പരാതി കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ തള്ളി. കരുവാരകുണ്ട് എസ്ഐ ആയിരുന്ന എം അലവിക്കുട്ടിയാണ് കേസന്വേഷിച്ചത്.