Kozhikode: മലബാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ Muslim League സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധത്തില്‍ എ.ഇ.ഒ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ജില്ലാ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം ജനപങ്കാളിത്തം കൊണ്ട് സര്‍ക്കാരിന് താക്കീതായി. ജില്ലയിലെ പതിനേഴ് എ.ഇ.ഒ ഓഫീസുകള്‍ക്ക് മുമ്പിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം നടന്നു.
സര്‍ക്കാരിന്റെ അനീതിക്കെതിരെ പ്രതികരിച്ച പ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കയിതിന് ശേഷമാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ എ.ഇ.ഒ ഓഫീസ് ഉപരോധിച്ചത്. ജൂണ്‍ 8 ന് നടന്ന കളക്ട്രേറ്റ് ധര്‍ണയുടെ തുടര്‍ച്ചയായാണ് എ.ഇ.ഒ ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്. ആവശ്യമായ ബാച്ചുകളും സ്‌കൂളുകളും അടിയന്തിരമായി അനുവദിച്ചിട്ടില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Muslim League സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ ഹാജി ഫറോക്ക് എ,ഇ.ഒ ഓഫീസിന് മുമ്പിലും ഉമ്മര്‍ പാണ്ടികശാല പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുമ്പിലും സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ കോഴിക്കോട് സിറ്റി എ.ഇ.ഒ ഓഫീസിന് മുമ്പിലും, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ബാലുശ്ശേരിയിലും സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയമുഹമ്മദ് കുന്ദമംഗലത്തും, പാറക്കല്‍ അബ്ദുള്ള വടകരയിലും, യു.സി രാമന്‍ മുക്കത്തും സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എം ഉമ്മര്‍ മാസ്റ്റര്‍ താമരശ്ശേരിയിലും, എം.സി വടകര നാദാപുരത്തും അഹമ്മദ് കുട്ടി ഉണ്ണികുളം കൊടുവള്ളിയിലും ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി കുന്നുമ്മലും, വൈസ് പ്രസിഡന്റുമാരായ എസ്.പി കുഞ്ഞഹമ്മദ് തോടന്നൂരും, എന്‍.സി അബൂബക്കര്‍ Kozhikode റൂറലും, സിക്രട്ടറിമാരായ സി.പി.എ അസീസ് മാസ്റ്റര്‍ മേലടിയിലും, അഡ്വ. എ.വി അന്‍വര്‍ ചേവായൂരും, കെ.കെ നവാസ് ചോമ്പാലയിലും, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം കുട്ടി കൊയിലാണ്ടിയിലും സമരം ഉദ്ഘാടനം ചെയ്തു.
സമരത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ക്കും വിജയിപ്പിച്ച പഞ്ചായത്ത് മുനിസിപ്പല്‍, മേഖല കമ്മിറ്റികള്‍ക്കും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവര്‍ നന്ദി അറിയിച്ചു