Thamarassery: കഴിഞ്ഞ വർഷം ഡിസംബർ പതിമൂന്നിന് താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള പോലീസ്
സംഘം അറസ്റ്റ് ചെയ്തു.
എറണാകുളം കോട്ടപ്പടി തെക്കെടത്തു വീട്ടിൽ ജിജോ സാജു (31) വിനെയാണ് ഇന്നലെ വൈകിട്ട് എറണാകുളം പെരുമ്പാവൂർ,കോട്ടപ്പടി വെച്ച് സ്പെഷ്യൽ സ്‌ക്വാഡ് പിടി കൂടിയത്.
കഴിഞ ഡിസംബർ 13-ന് രാവിലെ 8 മണിയോടെയാണ് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ വെച്ച് മൈസൂരിൽ നിന്നും സ്വർണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരിൽ താമസക്കാരനുമായ
വിശാൽ ഭഗത് മട്‌കരി എന്നാളെ നാല് കാറുകളിലായി വന്ന
കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ
സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി കടന്ന് കളയുകയായിരുന്നു.
സംഭവത്തിനു ശേഷം പതിനഞ്ചാം തിയ്യതിയാണ് വിശാൽ പരാതിയുമായി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വരുന്നത്.
സംഭവത്തെ കുറിച്ച് നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പോലീസ്
മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു.
പിന്നീട് കേസിലെ അഞ്ചോളം പ്രതികളെയും പിടി കൂടിയിരുന്നു.തൃശൂർ, എറണാകുളം കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തിൽ പെട്ടവരാണ് കവർച്ച ആസൂത്രണം ചെയ്തത്.ഇതോടെ എട്ടു പ്രതികൾ പിടിയിലായി.
സ്വർണ്ണ-കുഴൽ പ്പണ ഇടപാടുകാർ മുതൽ നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്.
ഇപ്പോൾ പിടിയിലായ ജിജോ സാജു കഴിഞ്ഞ വർഷം കോയമ്പത്തൂർ നടന്ന ഹൈവേ കവർച്ചയിലും പ്രതിയാണ്.
സംഭവത്തിന് രണ്ട് ദിവസം മുൻപ് ഇയാൾ ഉൾപ്പെട്ട സംഘം വയനാട്ടിൽ എത്തി റിസോർട്ടിൽ റൂമെടുത്താണ് കവർച്ച ആസൂത്രണം ചെയ്‍തത്.
മൈസൂരിൽ നിന്നും കാറിൽ വരുകയായിരുന്ന
പരാതിക്കാരനെ ഇയാൾ KL- 63-C-8065-
നമ്പറുള്ള സ്വന്തം കാറിൽ ബത്തേരി മുതൽ പിന്തുടർന്ന് നൽകിയ വിവരം അനുസരിച്ചാണ് കൂട്ടാളികൾ ചുരത്തിൽ വെച്ച് ബ്ലോക്കിട്ട് കവർച്ച നടത്തിയത്.കവർച്ചക്ക് ശേഷം തമിഴ് നാട്ടിലും ഗോവയിലും കറങ്ങിയ ഇയാളും കൂട്ടാളികളും അടുത്ത ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.
കവർച്ച നടത്തിയതിൽ കിട്ടിയ രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ഇയാൾ കുടുംബ സമേതം ഗോവയിലും മറ്റും ടൂർ നടത്തുകയായിരുന്നു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡി വൈ എസ് പി ഇ.പി.പ്രമോദിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഇൻസ്‌പെക്ടർ പ്രദീപ്.കെ. ഒ,ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.