Thamarassery: സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര വിഹിതം ലഭിക്കുന്നതിന് കാല താമസം നേരിടുന്നത് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ക്കും പ്രധാനാധ്യാപകര്‍ക്കും പി.ടി.എക്കും നാട്ടുകാര്‍ക്കും അധിക ബാധ്യത നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ പുന:പ്പരിശോധിക്കണമെന്ന് KPSTA താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാവുന്ന സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തോറും ഉച്ച ഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത് പ്രധാനാധ്യാപകര്‍ക്കും പി.ടി.എക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉച്ച ഭക്ഷണ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കാന്‍ പോവുന്ന ഉച്ച ഭക്ഷണ സംരക്ഷണ സമിതിയെ ഏല്‍പ്പിക്കുന്നത് പദ്ധതി അവതാളത്തിലാക്കുന്നതിന് കാരണമാവും.
സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ഉച്ച ഭക്ഷണ സംരക്ഷണ സമിതികള്‍ക്ക് നല്‍കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങമെന്നും ഈ പദ്ധതിയുടെ നില നില്‍പ്പിന് നിലവിലെ സര്‍ക്കാര്‍ സംവിധാനം തന്നെ നില നിർത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) Thamarassery വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനുവരി 24ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന പണി മുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പി.സിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ, ഒ.കെ ഷെറീഫ്, പി. ജെ ദേവസ്യ, പി.രാമചന്ദ്രൻ, ഇ.കെ.സുരേഷ്, സുധീർ കുമാർ, കൃഷ്ണ മണി, സുജേഷ് കെ.എം , കെ.സജീഷ് ചിത്രാരാജൻ ,വിനോദ് കുമാർ, രഞ്ജിത്ത്, ഗണേഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. ശ്രീജേഷ് പി.എം നന്ദിയർപ്പിച്ച് സംസാരിച്ചു.