Thamarassery: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടുത്തം. ഗ്യാസ് സിലണ്ടറിൽ നിന്നാണ് തീ പടർന്നത്. കോരങ്ങാട് അൽഫോൺസാ റോഡിലെ കോരങ്ങാട് സ്വദേശി അബൂബക്കറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്താണ് ഗ്യാസ് സിലണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് തീ പടർന്നത്. തൊഴിലാളികളുടെ വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും കത്തി നശിച്ചു.
നാലു പേരാണ് സംഭവ സമയം ഈ മുറിയിൽ ഉണ്ടായിരുന്നത്. സിലണ്ടർ പുറത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിൽ ബംഗാൾ സ്വദേശിയായ ഹബീബ് റഹ്മന് പരുക്കേറ്റു. വൈകുന്നേരം 5.30 ഓടെയാണ് അപകടം. സമീപത്തെ റൂമിലുള്ളവരും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. പഞ്ചായത്ത് നമ്പർ ഇല്ലാത്ത കെട്ടിടത്തിൽ വിവിധ മുറികളിലായി നിരവധി പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുറിക്കകത്ത് അടുക്കളയോ, മറ്റു സൗകര്യങ്ങളോ ഒന്നും തന്നെയില്ല. ഇത്തരം ഒറ്റ മുറികളിലാണ് തൊഴിലാളികൾ താമസിക്കുന്നതും, പാചകം ചെയ്യുന്നതും.
മുറിയിലുണ്ടായിരുന്ന ഹബീബ് റഹ്മാന്റെ മനക്കരുത്ത് കൊണ്ട് മാത്രമാണ് കെട്ടിടത്തിൽ തീ പടരുന്നത് ഒഴിവായത്. തീ പടരുന്നതിനിടയിൽ ഇദ്ദേഹം ഗ്യാസ് സിലണ്ടർ മുറിയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടെ ബോധ ക്ഷയമുണ്ടാവുകയും, പരുക്കേൽക്കുകയും ചെയ്‌തു. ഇദ്ദേഹത്തെ പിന്നീട് Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു