Thiruvambady: ആനക്കല്ലുപാറ – താഴെ കക്കാട്-കക്കാടം പൊയിൽ റോഡിൽ ചതി കുഴികൾ പതിയിരിക്കുന്നു. റോഡ് അറ്റ കുറ്റപ്പണികൾ പോലും നടത്താത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. ചുരം കണക്കെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെങ്കുത്തായ റോഡിലെ പ്രധാന വളവുകളിലടക്കം അപകട കുഴികളാണ്. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിലകപ്പെട്ട് നിയന്ത്രണം വിടുന്നത് പതിവാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ, നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് വർഷത്തിലേറെയായി അവഗണനയിലാണ്. റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് പൊട്ടി പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ ഇരുപതും മുപ്പതും അടി താഴ്ചയിലേക്ക് വൻ കൊക്കയിലേക്കാണ് പതിക്കുക. ആനക്കല്ലുംപാറ ജങ്ഷൻ മുതൽ താഴെ കക്കാടു വരെയുളള ഭാഗത്ത് ഒമ്പത് ഹെയർ പിൻ വളവുകളും കുത്തനെ ഇറക്കവുമാണ്. പീടികപ്പാറ മുതൽ ആനക്കല്ലും പാറ വരെയുളള ഭാഗത്താണ് ഏറ്റവും അപകട ഭീഷണി.
കൊണ്ടോട്ടി കോളേജിൽ നിന്നുമെത്തിയ മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ കഴിഞ്ഞ മാസം നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഒന്നാം വളവിലും കോട്ടയം വളവിലും അപകടങ്ങൾ ആവർത്തിക്കുകയാണ്. റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരുന്ന കരാർ കമ്പനി പണി ഉഴപ്പിയതിനെ തുടർന്ന് പിരിച്ചു വിടുകയായിരുന്നു. അകമ്പുഴ-താഴെ കക്കാട് റോഡിന് 26.25 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചെങ്കിലും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും വൈകുകയാണ്. ആനക്കല്ലുംപാറ-പീടികപ്പാറ-താഴെ കക്കാട് റോഡ് മലയോര ഹൈവേയുടെ ഭാഗമാകുമെന്നു പറയുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ പെട്ട് കിടക്കുകയാണ്.