Mukkam: താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലിൽ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മൽ അബ്ദുൽ ബാസിത്ത് (33) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസിന് കീഴിലുള്ള പ്രത്യേക സംഘം മുക്കം കുറ്റിപ്പാല കുന്തംതൊടികയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. 5.710 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കെ എൽ 57 എൽ 6288 നമ്പർ ഐ 20 കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള വീട്ടിൽ വെച്ച് 145 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിശോധനക്കിടെ എസ് ഐ യെ തള്ളിമാറ്റി ഫത്താഹുള്ള രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ നവംബർ 22 ന് പരപ്പൻപൊയിൽ വെച്ച് അൻസാർ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അബ്‌ദുൽ ബാസിത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ നാട്ടിലെത്തി മയക്കുമരുന്ന് വിൽപന നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കിലോക്ക് ഇരുപത്തി അയ്യായിരം രൂപയ്ക്ക് എത്തിക്കുന്ന കഞ്ചാവ് എഴുപത്തി അയ്യായിരം രൂപക്കാണ് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. വിപണിയിൽ നാലര ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.താമരശ്ശേരി ഡി വൈ എസ് പി. പി പ്രമോദിന്റെ മേൽ നോട്ടത്തിൽ സ്പെഷ്യൽ സ്ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു പി ബിജു, സീനിയർ സി പി ഒ മാരായ എൻ എം ജയരാജൻ, പി പി ജിനീഷ്, മുക്കം സ്റ്റേഷനിലെ എസ് ഐ മാരായ കെ ശ്രീജേഷ്, കെ സന്തോഷ് കുമാർ, ഷിബിൽ ജോസഫ്, സീനിയർ സി പി ഒ അബ്ദുൽ റഷീദ്, പി എ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.