Wayanad: തരുവണ കരിങ്ങാരി സ്കൂളിന്റെ അടുത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി ചങ്കരപ്പാൻ സി എച്ച് ബഷീർ (48) ആണ് മരിച്ചത്.
ഇന്നലെ അർധരാത്രിയാണ് സംഭവം. കരിങ്ങാരിക്ക് സമീപമുള്ളവരോടൊപ്പം മറ്റൊരു വാഹനത്തിൽ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പോയി വന്ന ശേഷം സ്വന്തം
വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയുടെ അടിയിലായിരുന്നു ബഷീർ.
അപകടം ആരും അറിഞ്ഞിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം പിന്നാലെ വരികയായിരുന്ന മറ്റ് യാത്രക്കാരാണ് അപകടം കണ്ടതെന്ന് നാട്ടുകാർ പറയുന്നു. അപ്പോഴേക്കും രക്തം വാർന്ന് ബഷീർ മരിച്ചിരുന്നു.
പരേതനായ ഇബ്രാഹിമിന്റേയും മറിയത്തിൻറെയും മകനാണ് ബഷീർ. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: മിസ്‌രിയ, അഫീദ, ബരീദ. മരുമകൻ: ഇസ്‌മായിൽ.