ഒരാഴ്ചയ്ക്കിടെ കാട്ടാനയാക്രമണത്തില്‍ വീണ്ടും ഒരാള്‍കൂടി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബിജെപി ഹര്‍ത്താല്‍. Wayanad പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനായ പോളാണ് മരിച്ചത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിലെ പാക്കത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നു ഒടുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആനയെ ഒച്ചവച്ച് ഓടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചതിന് പിന്നാലെ ചികിത്സ തുടങ്ങിയെങ്കിലും ആന്തരിക അവയവങ്ങൾക്ക് കാര്യമായ ക്ഷതമേറ്റ പോളിന്‍റെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും