Kozhikode: കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം.
അടച്ചിട്ട മുറിയിൽ തലയോട്ടിയും, തൊട്ടടുത്ത മുറിയിൽ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമായിരുന്നു തലയോട്ടി ഉണ്ടായിരുന്നത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കട മുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല.
പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം ഉൾപ്പെടെ ഉടൻ സ്ഥലത്തെത്തും.